2016, ജൂൺ 29, ബുധനാഴ്‌ച

പിൽഗ്രിംസ് പ്രോഗ്രസിന്റെ മലയാള പരിഭാഷകൾ ?

  1. സഞ്ചാരിയുടെ പ്രയാണം (1847) - വിവ: റവ. സി. മുള്ളർ / റവ. പി. ചന്ദ്രൻ.
  2. പരദേശി മോക്ഷയാത്ര (1847) - വിവ: ആർച്ച് ഡീക്കൻ കോശി / റവ. ജോസഫ് പീറ്റ്.
  3. തീർത്ഥാടകന്റെ വഴി
ജോൺ ബന്യൻ (1628-1688) ഇംഗ്ലീഷിൽ എഴുതിയ ആദ്ധ്യാത്മിക അന്യാപദേശകഥ (allegory)യാണ് പിൽഗ്രിംസ് പ്രോഗ്രസ് (The Pilgrim's Progress; പരദേശി മോക്ഷയാത്ര;തീർത്ഥാടകന്റെ വഴി). ക്രൈസ്തവജീവിതത്തോടുള്ള പ്യൂരിറ്റ്ൻ കാൽ‌വിനിസ്റ്റ് വീക്ഷണത്തെ, ഗ്രാമ്യ ഭാഷയുടെ ശക്തിയിലും മധുരിമയിലും അവതരിപ്പിക്കുന്ന ഈ കൃതി ആത്മീയസാഹിത്യത്തിലെയെന്നല്ല എല്ലാത്തരം സാഹിത്യത്തിലേയും എണ്ണപ്പെട്ട രചനകളിലൊന്നായി കണക്കാക്കപ്പെടുന്നു.രണ്ടുഭാഗങ്ങളുള്ള കൃതിയുടെ ആദ്യഭാഗം 'ക്രിസ്ത്യാനി' യുടെ തീർഥാടനകഥയാണ്. രണ്ടാംഭാഗം ആ യാത്രയിൽ അയാളുടെ വഴി പിന്നീട് പിന്തുടർന്ന ഭാര്യ 'ക്രിസ്റ്റിയാന'യുടേയും മക്കളുടേയും കഥയും. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ‍ജീവിച്ചിരുന്ന സുവിശേഷപ്രചാരകനും എഴുത്തുകാരനുമായിരുന്നു ജോൺ ബന്യൻ. പ്രൊട്ടസ്റ്റന്റ് സഭകളിലെ തീക്ഷ്ണതയേറിയ കാൽ‌വിനിസ്റ്റ് വിഭാഗത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ അടിയുറച്ച് വിശ്വസിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്ത ഇദ്ദേഹം പ്രധാനമായും സ്മരിക്കപ്പെടുന്നത്‍ പിൽഗ്രിംസ് പ്രൊഗ്രസ് അഥവാ തീർഥാടകന്റെ വഴി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് എന്ന നിലയിലാണ്. പാപികളിൽ പ്രധാനിക്ക് അളവില്ലാത്ത കൃപ, ശ്രീമാൻ ദുഷ്ടന്റെ ജീവിതവും മരണവും, വിശുദ്ധയുദ്ധം എന്നിവയാണ് ബന്യന്റെ മറ്റു പ്രധാന കൃതികൾ.പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് കുടുംബത്തിൽ ഒരു പുസ്തകം മാത്രമാണുണ്ടായിരുന്നതെങ്കിൽ അത് ബൈബിൾ ആകുമായിരുന്നു. എന്നാൽ രണ്ടു പുസ്തകങ്ങൾ ഉണ്ടായിരുന്നപ്പോൾ രണ്ടാമത്തേത് ഷേക്സ്പിയറുടെ നാടകങ്ങളിലൊന്നല്ല, തീർത്ഥാടകന്റെ വഴി ആയിരുന്നു എന്നു പറയാറുണ്ട്.ഇംഗ്ലീഷ് ഭാഷയിലെ മുന്തിയരചനകളിലൊന്നായി ഈ കൃതിയെ കണക്കാക്കുന്നുണ്ട്. അതേസമയം, പ്യൂരിറ്റൻ കാൽ‌വിനസത്തിന്റെ ലോകവീക്ഷണം എഴുതിയ കൃതിയുമാണ്. ഔപചാരിക വിദ്യാഭ്യാസം അക്ഷരാഭ്യാസം നേടുന്നതിൽ അവസാനിച്ച ആളാണ് രചയിതാവെന്ന് കൂടി ഓർക്കുമ്പോൾ തീർഥാടകന്റെ വഴി എന്ന കൃതിയുടെ ചരിത്രം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. പൊങ്ങച്ച മേള (Vanity Fair), മനസ്സിടിവിന്റെ ചളിക്കുണ്ട് (Slough of Despond), നിരാശാരാക്ഷസൻ (Giant Despair), സംശയക്കോട്ട (Doubting Castle), വശ്യസാനു (Delectable Mountains) പോലെയുള്ള പ്രയോഗങ്ങൾ ഇംഗ്ലീഷ് ഭാഷക്കു തീർഥാടകന്റെ വഴിയിൽ നിന്നു കിട്ടിയ സംഭാവനകളാണ്. അതിന്റെ ശൈലി വളരെയധികം എഴുത്തുകാരെ സ്വാധീനിച്ചിട്ടുണ്ട്. താൻ താലോലിക്കുന്ന ബാല്യകാലസ്മരണകളിലൊന്ന് പിതാവിനൊപ്പമിരുന്ന് തീർത്ഥാടകന്റെ വഴി വായിച്ചതാണെന്ന് ഇംഗ്ലീഷ് നാടകകൃത്ത് ബർണാഡ് ഷാ പറഞ്ഞിട്ടുണ്ട്. അഞ്ചാമത്തെ വയസ്സിൽ ആ പുസ്തകം പൂർണ്ണ താത്പര്യത്തോടെ വായിക്കുവാൻ ഷാക്ക് കഴിഞ്ഞിരുന്നത്രെ. എഴുത്തുകാരനെന്ന നിലയിൽ ഷാ ബന്യനെ ഷേക്സ്പിയറിനുപരി വിലമതിച്ചിരുന്നു എന്നും പറയപ്പെടുന്നു.

ഘാതകവധം ഈ കൃതിയിലെ മുഖ്യവിഷയം ?

സ്ത്രീധനമാണ്


മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് 1877-ൽപുറത്തിറങ്ങിയ ഘാതകവധം. സി.എം.എസ്. മിഷണറി പ്രവർത്തകയായിരുന്ന കോളിൻസ് മദാമ്മ ഇംഗ്ലീഷിൽ രചിച്ച നോവൽ അവരുടെ ഭർത്താവും കോട്ടയം സി.എം.എസ്. കോളേജിന്റെ പ്രിൻസിപ്പലുമായിരുന്ന റിച്ചാർഡ് കോളിൻസാണ് ഘാതകവധം എന്ന പേരിൽ മലയാളത്തിലേക്ക് മാറ്റിയത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികൾ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്.

സ്ലെയർ സ്ലൈൻ (ഇംഗ്ലീഷ്: Slayer Slain) എന്ന പേരിൽ ഇംഗ്ലീഷ് ഭാഷയിലാണ് 1859-ൽ കോളിൻസ് മദാമ്മ ഇത് എഴുതിത്തുടങ്ങിയത്. അവരുടെ മരണശേഷം ഭർത്താവായ റിച്ചാർഡ് കോളിൻസ് ഇത് എഴുതിപ്പൂർത്തിയാക്കുകയും 1864-ൽ കോട്ടയം സെമിനാരിയിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം എന്ന മാസികയിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.1877-ൽ ഘാതകവധം എന്ന പേരിൽ മലയാളപരിഭാഷയും റിച്ചാർഡ് കോളിൻസ് പുറത്തിറക്കി. മലയാളത്തിലെ ആദ്യനോവലായും ഘാതകവധം പരിഗണിക്കപ്പെടാറുണ്ട്.

2016, ജൂൺ 4, ശനിയാഴ്‌ച

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള ഉപഭാഷാവാദം വിശദീകരിക്കുക ?

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് ഉപഭാഷാവാദം. തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന് ഈ സിദ്ധാന്തം വിശദീകരിക്കുന്നു. എഫ്.ഡബ്ല്യൂ. എല്ലിസ്, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയവർ ഇക്കാര്യം ആനുഷംഗികമായി പരാമർശിക്കുന്നുണ്ടെങ്കിലും കാൾഡ്വൽ ആണ് ഗവേഷണരൂപത്തിൽ ആദ്യമായി ഈ വാദം ഉന്നയിച്ചത്

.എല്ലിസിന്റെ പരാമർശം
‘കൊടുന്തമിഴെന്നപോലെ മലയാളവും ചെന്തമിഴിന്റെ ഉപഭാഷയാണെന്ന്’ മലയാളഭാഷയെക്കുറിച്ചുള്ള തന്റെ ലേഖനത്തിൽ  എല്ലിസ് പരാമർശിക്കുന്നു. “മലയാളത്തിന്റെ സവിശേഷസ്വഭാവം അതിനെ ഒരു വേറിട്ട ഭാഷയാക്കി മാറ്റുകയും തമിഴിൽനിന്ന് ഉദ്ഭവിച്ച മറ്റെല്ലാ ഉപഭാഷകളിൽനിന്നും സവിശേഷരീതിയിൽ വിവേചിപ്പിക്കുകയും ചെയ്യുന്നു.“എന്നും.പരാമർശിക്കുന്നു

ഗുണ്ടർട്ടിന്റെ നിലപാട്
ഭാഷോല്പത്തിയെക്കുറിച്ചുള്ള ഗുണ്ടർട്ടിന്റെ പരാമർശങ്ങളിലൊന്ന് മലയാളഭാഷാവ്യാകരണത്തിലേതാണ്‌. “മലയാളഭാഷ ദ്രമിളം എന്നുള്ള തമിഴിന്റെ ഒരു ശാഖയാകുന്നു. അത് തെലുങ്ക്, കർണ്ണാടകം, തുളു, കുടക് മുതലായ ശാഖകളെക്കാൾ അധികം തമിഴരുടെ സൂത്രങ്ങളോട് ഒത്തുവരുകയാൽ ഉപഭാഷയത്രേ; എങ്കിലും ബ്രാഹ്മണർ ഈ കേരളത്തെ അടക്കിവാണ് അനാചാരങ്ങളെ നടപ്പാക്കി നാട്ടിലെ ശൂദ്രന്മാരുമായി ചേർന്നുപോയതിനാൽ സംസ്കൃതശബ്ദങ്ങളും വാചകങ്ങളും വളരെ നുഴഞ്ഞുവന്നു ഭാഷയുടെ മൂലരൂപത്തെ പല വിധത്തിലും മാറ്റിയിരിക്കുന്നു., എന്നാണ് അദ്ദേഹം പറയുന്നത്. “വിഭിന്നഭാഷകളെന്നതിനെക്കാൾ ദ്രാവിഡഗോത്രത്തിലെ ഒരേ അംഗത്തിന്റെ ഉപഭാഷകളെന്നനിലയിലാണ് ഈ രണ്ടുഭാഷകൾ പഴയകാലത്ത് വേർതിരിയുന്നത്.” , എന്ന് അദ്ദേഹം തന്റെ നിഘണ്ടുവിൽ വിവരിക്കുന്നു.

കാൾഡ്വലിന്റെ നിരീക്ഷണങ്ങൾ
താരതമ്യവ്യാകരണത്തിൽ കാൾഡ്വൽ പറയുന്നു: “എന്റെ അഭിപ്രായത്തിൽ, മലയാളം തമിഴിന്റെ അതിപ്രാ‍ചീനമായ ഒരു ശാഖ(a very ancient offshoot)യാണ് . പുരുഷഭേദനിരാസംകൊണ്ടും സംസ്കൃതപദബാഹുല്യം‌കൊണ്ടും ആണ് ഇപ്പോൾ അത് മുഖ്യമായും തമിഴിൽനിന്നും വേർതിരിഞ്ഞുനിൽക്കുന്നത്. അതുകൊണ്ട് മലയാളത്തെ ദ്രാവിഡഗോത്രത്തിൽപ്പെട്ട ഒരു സ്വതന്ത്രഭാഷയെന്നു കല്പിക്കുന്നതിനെക്കാൾ തമിഴിന്റെ ഒരുപഭാഷയെന്നു കരുതുകയാണ് ഭേദം. ..... ആദ്യം തമിഴ്-മലയാളങ്ങൾ തമ്മിലുള്ള അകൽച്ച വളരെ നിസ്സാരമായിരുന്നെങ്കിലും അത് പടിപടിയായി വർദ്ധിച്ച്, ഇപ്പോൾ മലയാളം തമിഴിന്റെ ഉപഭാഷ എന്ന നിലയിൽനിന്ന് വളർന്ന് സഹോദരീഭാഷയെന്നനിലയിലെത്തിക്കഴിഞ്ഞുവെന്ന വസ്തുത ഇന്ന് ആർക്കും ചോദ്യം ചെയ്യാവുന്നതല്ല. എന്നാൽ ആരംഭത്തിൽ ഒരു സഹോദരിയായിട്ടല്ല പുത്രിയായിത്തന്നെ അതിനെ ഗണിക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ഏറെ മാറ്റംവന്ന ശാഖ എന്ന് വിവരിക്കുകയായിരിക്കും ഉത്തമം.”എ.ആറാണ്‌ കേരളപാണിനീയം എന്ന വ്യാകരണഗ്രന്ഥത്തിന്റെ പീഠികയിലൂടെ കാൾഡ്വലിന്റെ ഈ ആശയം ആറു നയങ്ങൾ കൊണ്ട് സിദ്ധാന്തവത്കരിക്കുന്നത് .

പി.ഗോവിന്ദപ്പിള്ളയുടെ വാദം
തമിഴ് ആദ്യം മലയാളത്തിന്റെ മാതാവും പിന്നീട് സഹോദരിയുമാകുന്നുവെന്ന കാൾഡ്വലിന്റെ കല്പനതന്നെ മലയാളഭാഷാചരിത്രകർത്താവായ സർവ്വാധികാര്യക്കാർ പി. ഗോവിന്ദപിള്ളയും ഏ.ആറും ഉപയോഗിക്കുന്നുണ്ട്. “മലയാളഭാഷയുടെ മാതൃസ്ഥാനം വഹിച്ചിരിക്കുന്നത് തമിഴുതന്നെ അത് നിസ്സംശയമാകുന്നു. എന്നാൽ മലയാളം അന്യസംസർഗ്ഗംകൊണ്ടും മറ്റും പ്രാപ്തിയായി യൌവനം വന്ന സമയം അതിനും തമിഴിനും തമ്മിലുള്ള ബന്ധം സഹോദരീത്വമായിത്തീർന്നിരിക്കുന്നു.” എന്നത് മാത്രമാണ് മലയാളഭാഷോല്പത്തിയെക്കുറിച്ച് ഗോവിന്ദപ്പിള്ളയുടെ പ്രസക്തമായ വാദം. “കലിയുഗം ആരംഭിച്ചതിനു മുൻപുതന്നെ മലയാളഭാഷ തമിഴിൽനിന്ന് വേർപ്പെട്ടുപോയി.”, “മലയാളഭാഷയിൽ പദ്യങ്ങൾ പരശുരാമന്റെ കാലം മുതൽക്കേ നടപ്പുണ്ടായിരുന്നു” എന്നിങ്ങനെ അയുക്തികമാണ് അദ്ദേഹത്തിന്റെ മറ്റു നിരീക്ഷണങ്ങൾ.

രാജരാജവർമ്മയുടെ സിദ്ധാന്തം
“പലവക കൊടുന്തമിഴുകൾ ഉണ്ടായിരുന്നതിൽ ഒന്നാണ് നമ്മുടെ മലയാളമായിത്തീർന്നത്.” എന്നാണ് ഏ.ആർ. രാജരാജവർമ്മയുടെ സിദ്ധാന്തം. കാൾഡ്വലിന്റെ വാദത്തെ പിൻപറ്റുകയായിരുന്നെങ്കിലും സൂക്ഷ്മാംശത്തിൽ ഭാഷാപരിണാമത്തെക്കുറിച്ച് പഠിക്കുന്ന ഈ സിദ്ധാന്തം കൊടുന്തമിഴ് വാദം എന്ന പ്രത്യേകസംജ്ഞയിൽ അറിയപ്പെടുന്നു. പന്ത്രണ്ടു ദേശങ്ങളിൽ നടപ്പുണ്ടായിരുന്ന കൊടുന്തമിഴിൽനിന്ന് കേരളഖണ്ഡത്തിൽ ഉൾപ്പെട്ട കുട്ടം, 

കുടം, കർക്കാ, വേൺ, പൂഴി എന്നീ നാടുകളിലെ ഭാഷാഭേദം മലയാളമായി പരിണമിക്കാനുണ്ടായ കാരണങ്ങൾ മൂന്നാണ് 

-1.മലയാ‍ളദേശത്തിന്റെ കിടപ്പ് കിഴക്കേ അതിർത്തിമുഴുവൻ വ്യാപിക്കുന്ന പർവ്വതപംക്തികൊണ്ട് മറ്റു തമിഴുനാടുകളിൽനിന്ന് വേർപെട്ട് ഒറ്റതിരിഞ്ഞായിപ്പോയത്.

 2.മറുനാട്ടുകാർക്കില്ലാത്ത പല വിശേഷവിധികളും (മരുമക്കത്തായം, മുൻ‌കുടുമ, വലത്തോട്ടുള്ള മുണ്ടുടുപ്പ്) മലയാളത്തുകാർക്കുണ്ടായിരുന്നതിനാൽ അവർക്ക് ഒരു പ്രത്യേകസംഘമായിത്തിരിയാനുണ്ടായ സൌകര്യം.

 3.നമ്പൂതിരിമാരുടെ പ്രാബല്യവും ആര്യദ്രാവിഡസംസ്കാരവും.

 മലയാളഭാഷ തമിഴിൽനിന്ന് വ്യത്യാസപ്പെടുന്ന ആറ് പ്രധാന വ്യത്യാസങ്ങളെ അനുനാസികാതിപ്രസരം, താലവ്യാദേശം, സ്വരസംവരണം, പുരുഷഭേദനിരാസം, ഖിലോപസംഗ്രഹം, അംഗഭംഗം എന്നിങ്ങനെ ആറു നയങ്ങളായി അദ്ദേഹം ആവിഷ്കരിച്ചു. ഈ ഭാഷാപരിണാമത്തെ അദ്ദേഹം മൂന്നു ഘട്ടങ്ങളായി തിരിക്കുകകൂടി ചെയ്യുന്നു:കരിന്തമിഴുകാലം(കൊല്ലം 1-500; ക്രിസ്തു 825-1325), മലയാണ്മക്കാലം(കൊല്ലം 500-800; ക്രിസ്തു 1325-1625), മലയാളക്കാലം(കൊല്ലം 800 മുതൽ; ക്രിസ്തു 1625 മുതൽ) എന്നിങ്ങനെ.

കേരളപാണിനിയുടെ സിദ്ധാന്തത്തെ പിൽക്കാലപണ്ഡിതർ മിക്കവാറും സമ്മതിച്ചതാണ്. ശൂരനാട്ട് കുഞ്ഞൻപിള്ള, എം. ലീലാവതി എൻ.ആർ. ഗോപിനാഥപിള്ള.ടി.എം. ചുമ്മാർ]തുടങ്ങിയവർ ഉദാഹരണം. കൊടുന്തമിഴല്ല, ചെന്തമിഴു തന്നെയായിരുന്നു മലയാളമായി പരിണമിച്ചത് എന്നൊരഭിപ്രായഭേദം ഇളംകുളം കുഞ്ഞൻപിള്ള പ്രകടിപ്പിക്കുന്നു . കൊടുന്തമിഴ് വാദത്തെ അംഗീകരിക്കുന്നുവെങ്കിലും പരിണാമകാലത്തെ സംബന്ധിച്ച അഭിപ്രായഭേദങ്ങൾ നിലനിൽക്കുന്നുണ്ട്.

പി. ശങ്കരൻ നമ്പ്യാരും മറ്റും
"കേരളത്തിലെ ദേശ്യഭേദമായ കൊടുന്തമിഴിന്റെ പരിണതരൂപമാണ് ആധുനികമലയാളം" എന്ന് മലയാളസാഹിത്യചരിത്രസംഗ്രഹം എഴുതിയ പി. ശങ്കരൻ നമ്പ്യാരും ഏ.ആറിനോട് യോജിക്കുന്നുണ്ടെങ്കിലും തമിഴ്-മലയാളങ്ങൾ ഒരു പൊതുപൂർവദശയിൽനിന്ന് വെവ്വേറെ ഉരുത്തിരിഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ വാദഗതി അതിനാൽ പൂർവ-തമിഴ് മലയാളവാദത്തോടാണ് അടുത്തുനിൽക്കുന്നത്; പൂർവ്വമദ്ധ്യകാലതമിഴിൽ നിന്നാണ് മലയാളം ഉണ്ടായതെന്ന് വാദിച്ച എൽ.വി. രാമസ്വാമി അയ്യരുടെ വാദവും

ഉള്ളൂരിന്റെ കാഴ്ചപ്പാട്
മലയാളഭാഷയുടെ ഉല്പത്തിയെസ്സംബന്ധിച്ചുള്ള ഉള്ളൂരിന്റെ വീക്ഷണങ്ങളിൽ വൈരുദ്ധ്യങ്ങൾ കാണാം. പഴന്തമിഴ് ആദ്യം ഉത്തരദ്രാവിഡമെന്നും ദക്ഷിണദ്രാവിഡമെന്നും രണ്ടു ശാഖകളായി വളരെ മുൻപ് - ഒരുപക്ഷേ, ദ്രാവിഡന്മാരും ആര്യന്മാരുമായുള്ള സമ്പർക്കത്തിനു മുമ്പുതന്നെ - വേർപ്പിരിഞ്ഞുകഴിഞ്ഞിരുന്നുവെന്നും, ദക്ഷിണദ്രാവിഡശാഖ വ്യവഹാരഭാഷയായി ഏതാനും ചില പ്രത്യേകതകളോടുകൂടി ക്രമേണ വികസിച്ചു എന്നും ക്രി.മു. മൂന്നാം ശതകത്തോടടുപ്പിച്ച് ആ ശാഖയിൽ സാഹിത്യം ആവിർഭവിച്ചുവെന്നും അപ്പോൾ അതിനുവേണ്ടി വ്യാകരണശാസ്ത്രനിബദ്ധമായ ചെന്തമിഴ് എന്ന കൃത്രിമഗ്രന്ഥഭാഷ പണ്ഡിതന്മാർക്ക് വ്യവസ്ഥാപനംചെയ്യേണ്ടിവന്നു എന്നും അതിനുമുൻപ് പശ്ചിമപർവ്വതപങ്‌ക്തിക്കു കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളിൽ ഒരേ ഭാഷ -ദക്ഷിണദ്രാവിഡം തന്നെയായിരുന്നു സംഭാഷണത്തിനുപയോഗിച്ചുവന്നതെങ്കിലും അതിനു രണ്ടു സ്ഥലങ്ങളിലും സ്വല്പവ്യത്യാസങ്ങളുണ്ടായിരുന്നു എന്നും കേരളത്തിലെ കൊടുന്തമിഴ് ചോളാദിദേശങ്ങളിലെ കൊടുന്തമിഴിൽനിന്ന് ഭിന്നമായിരുന്നു എന്നും, ആ ദേശങ്ങളിലെ കൊടുന്തമിഴ് ക്രമേണ ചെന്തമിഴ്‌നാട്ടിൽ ചെന്തമിഴിന്റെ അതിപ്രസരം ബാധിച്ച വ്യവഹാരഭാഷയിൽ ലയിച്ചുപോയെന്നും, എന്നാൽ കേരളം വളരെക്കാലത്തേക്ക് പഴയ ദക്ഷിണദ്രാവിഡത്തെ ചില വ്യക്തിത്വങ്ങളോടുകൂടി പുലർത്തിക്കൊണ്ടുപോന്നു എന്നും, ആ ഭാഷ അനന്തരകാലങ്ങളിൽ ചെന്തമിഴ്‌നാട്ടിലെ വ്യവഹാരഭാഷയിൽനിന്ന് അധികമധികമകന്ന് ഒരു വ്യവഹാരഭാഷയായി പരിണമിച്ചു എന്നുമാണ് ഉള്ളൂരിന്റെ അഭിപ്രായം]. കൊടുന്തമിഴിൽനിന്നാണ് മലയാളം ഉണ്ടായതെന്നുതന്നെയാണ് ഉള്ളൂരിന്റെയും വാദമെങ്കിലും കേരളത്തിലെ കൊടുന്തമിഴ് പൂർവ്വദക്ഷിണദ്രാവിഡത്തിന്റെ ചില സവിശേഷതകളെ നിലനിർത്തിയിരിക്കുന്നതിനാൽ “മലയാളത്തെ തമിഴിന്റെ മാതാവെന്നോ ജ്യേഷ്ഠത്തിയെന്നോ ആണ് കാണേണ്ടതെന്നും“ മറ്റു ദേശങ്ങളിലെ കൊടുന്തമിഴ് കൃത്രിമസാഹിത്യഭാഷയായ ചെന്തമിഴിൽ ലയിച്ചാണ് ഇന്നത്തെ തമിഴ്‌ഭാഷയുണ്ടായതെന്നുമാണ് അദ്ദേഹം പറയുന്നത്. ഭാ‍ഷോല്പത്തിസിദ്ധാന്തങ്ങളിൽ മൗലികമാണ് ഉള്ളൂരിന്റെ വാദം. തമിഴിനോടുള്ള മലയാളത്തിന്റെ ആധമർണ്ണ്യം നിഷേധിക്കുന്നതിനാൽ ഉള്ളൂരിന്റെ വാദത്തെ സ്വതന്ത്രവാദമായി കണക്കാക്കാറുണ്ട്.

ഏത് ഭാഷാ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ആധുനിക ഭാഷയാണ് മലയാളം ?

ദ്രാവിഡഭാഷാ ഗോത്രത്തിൽ ഉൾപ്പെടുന്ന ഒരു ആധുനിക  ഭാഷയാണ് മലയാളം. എ. ഡി ഒൻപതാം നൂറ്റാണ്ടിലാണ്‌  മലയാള ഭാഷ തമിഴിന്റെ‍യോ ദ്രാവിഡത്തിന്റെയോ ഒരു ഉപഭാഷ എന്ന നിലയിൽ പ്രത്യേക ഭാഷയായി രൂപപ്പെട്ടത് എന്നാണ്‌ പൊതുവായ നിഗമനം. മലയാള ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ കണ്ടെടുക്കപ്പെട്ട രേഖ, ചേര ചക്രവർത്തിയായിരുന്ന രാജശേഖരന്റെ പേരിലുള്ള വാഴപ്പള്ളി ശാസനം ആണ്‌ . എ.ഡി. 829 ൽ ആണ്‌ ഈ ശാസനം എഴുതപ്പെട്ടത്.അതേ നൂറ്റാണ്ടിൽ തന്നെ എഴുതപ്പെട്ട തരിസാപ്പള്ളി ശാസനം മലയാളത്തിൻറെ ആദ്യകാല സ്വഭാവം വ്യക്തമാക്കുന്ന മറ്റൊരു രേഖയാണ്. 12ം ശതകത്തിൽ ചീരാമൻ എഴുതിയ  രാമചരിതം ആണ് മലയാള ഭാഷയിലെ ആദ്യത്തെ സാഹിത്യ കൃതിയായി കരുതപ്പെടുന്നത്.കണ്ടെടുക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും പുരാതനമായ  കൃതി ഇതാണെങ്കിലും 11ം ശതകത്തിൽ തോലൻ രചിച്ചതായി വിശ്വസിക്കാവുന്ന മന്ത്രാങ്കംആട്ടപ്രകാരത്തിൽ അക്കാലത്തെ മലയാളത്തിലും തമിഴിലുമുള്ള പദ്യങ്ങൾ കാണാവുന്നതാണ്. അതിനു മുൻപ് തന്നെ തമിഴ്-മലയാളങ്ങൾ വ്യത്യസ്ത ഭാഷകളായി മാറിക്കഴിഞ്ഞിരുന്ന]എന്ന അഭിപ്രായം ഭാഷാപണ്ഡിതന്മാർക്കിടയിലുണ്ട്.
മലയാള ഭാഷയുടെ ഉല്പത്തിയെപ്പറ്റി വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളും സിദ്ധാന്തങ്ങളും നിലവിലുണ്ട്. പ്രധാനപ്പെട്ട സിദ്ധാന്തങ്ങൾ ഇവയാണ്:

ഉപഭാഷാവാദം 
പൂർവ-തമിഴ് മലയാള വാദം
മിശ്രഭാഷാവാദം
സ്വതന്ത്രഭാഷാവാദം
സംസ്കൃതജന്യ വാദം

ഉപഭാഷാവാദം

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിലൊന്നാണ് 'ഉപഭാഷാവാദം'. തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന് ഈ സിദ്ധാന്തം വിശദീകരിക്കുന്നു. എഫ്.ഡബ്ല്യൂ. എല്ലിസ്, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയവർ ഇക്കാര്യം ആനുഷംഗികമായി പരാമർശിക്കുന്നുണ്ടെങ്കിലും കാൾഡ്വൽ ആണ് ഗവേഷണരൂപത്തിൽ ആദ്യമായി ഈ വാദം ഉന്നയിച്ചത്.

പൂർവ-തമിഴ് മലയാള വാദം

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള സിദ്ധാന്തങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ്‌ 'പൂർവ്വ തമിഴ്-മലയാള വാദം'. പൂർവ്വദ്രാവിഡഭാഷയിൽ നിന്ന് കന്നഡവും തെലുങ്കും വേർപിരിഞ്ഞതിനു ശേഷം പൂർവ തമിഴ്-മലയാളം എന്ന ഒരു പൊതു ഭാഷാ കാലഘട്ടം ഉണ്ടായിരുന്നുവെന്നാണ് ഈ സിദ്ധാന്തം ചൂണ്ടിക്കാണിക്കുന്നത്. പൂർവ്വ തമിഴ്-മലയാളത്തെ ഇരുഭാഷകളുടെയും പൂർവ്വഘട്ടമായി വിശദീകരിക്കുന്നവരിൽ പ്രമുഖർ എൽ.വി. രാമസ്വാമി അയ്യർ, കാമിൽ സ്വലബിൽ, എസ്.വി. ഷണ്മുഖം മുതലായവരാണ്‌.

മിശ്രഭാഷാവാദം

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് 'മിശ്രഭാഷാവാദം'. ചെന്തമിഴിൽ സംസ്കൃതം കലർന്നാണ് മലയാളമുണ്ടായത് എന്ന വാദമാണിത്. പ്രൊഫ: ഇളംകുളം കുഞ്ഞൻപിള്ളയാണ് ഈ ഭാഷോല്പത്തിവാദത്തിന്റെ സൈദ്ധാന്തികൻ.

സ്വതന്ത്രഭാഷാവാദം

മലയാളഭാഷയുടെ ഉല്പത്തിയെപ്പറ്റിയുള്ള പ്രമുഖ സിദ്ധാന്തങ്ങളിലൊന്നാണ് സ്വതന്ത്ര ഭാഷാവാദം . തമിഴിന്റെ ഒരു ഉപഭാഷ എന്ന നിലയിൽ രൂപപ്പെട്ട ഭാഷയാണ് മലയാളം എന്ന വാദഗതിയെ ഈ സിദ്ധാന്തം നിരാകരിക്കുന്നു. അതി പ്രാചീനകാലം മുതലേ മലയാളം ഒരു സ്വതന്ത്ര ഭാഷയാണെന്ന നിഗമനമാണ് സ്വതന്ത്ര ഭാഷാവാദത്തിൻറെ വക്താക്കൾ മുന്നോട്ടു വെച്ചിട്ടുള്ളത്. പൂർവദ്രാവിഡഭാഷയുടെ സ്വതന്ത്രശാഖയായിട്ടാണ് ആറ്റൂർ കൃഷ്ണപിഷാരടി ,കെ. ഗോദവർമ്മ, ഡോക്ടർ കെ.എം. ജോർജ്ജ, ഉള്ളൂർ എസ്. പരമേശ്വരയ്യർ[5], സി.എൽ. ആൻറണി(ഭാഷാസംക്രമണ വാദം) മുതലായ ഭാഷാപണ്ഡിതൻമാർ കണക്കാക്കുന്നത്. എന്നാൽ ഈ ഭാഷാപണ്ഡിതൻമാർക്കിടയിൽ തന്നെ അവരുടേതായ ചെറിയചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഇക്കാര്യത്തിൽ നിലനിൽക്കുന്നുമുണ്ട്.

സംസ്കൃതജന്യവാദം
മലയാള ഭാഷയുടെ ഉല്പത്തിയെ സംബന്ധിച്ച ഒരു സിദ്ധാന്തം. സംസ്കൃതപ്രഭവവാദികളുടെ അഭിപ്രായത്തിൽ സംസ്കൃതമാണ്‌ മലയാളത്തിന്റെ മൂലഭാഷ. സംസ്കൃതം ദേവഭാഷയാകയാൽ മലയാളമടക്കമുള്ള ഭാഷകൾ സംസ്കൃതത്തിൽ നിന്നാണ്‌ ഉണ്ടായതെന്ന വിശ്വാസം ഒരു കാലത്തെ സംസ്കൃത പണ്ഡിതന്മാർക്കുണ്ടായിരുന്നു. മലയാളത്തിലുള്ള ഒട്ടധികം പദങ്ങൾ സംസ്കൃതപദങ്ങളോ സംസ്കൃതജന്യപദങ്ങളോ ആണ്‌ എന്നതാണ്‌ വാസ്തവം. ഈ സംസ്കൃതാതിപ്രസരമാണ്‌ പണ്ഡിതന്മാരേയും സാധാരണജനങ്ങളേയും ഒരുപോലെ ഈ വിശ്വാസത്തിലേക്ക് നയിച്ചത്.

ഭാഷോല്പത്തി-നിഗമനം
പൂർണ്ണമായി തീർച്ചയാക്കപ്പെട്ടിട്ടില്ലാത്ത ശരി തെറ്റുകൾ അന്വേഷിക്കുന്നതിനേക്കാൾ അവ കൈകാര്യം ചെയ്തിട്ടുള്ള വിവിധ തെളിവുകളുടെ അടിത്തറയിൽ ഊന്നി നിന്ന്, എ ഡി ഒൻപതാം നൂറ്റാണ്ടിൽ സ്വതന്ത്രവും വ്യതിരിക്തവുമായ ഒരു ഭാഷയായി മലയാളം രൂപപ്പെട്ടുതുടങ്ങി എന്ന നിഗമനത്തിൽ എത്തിച്ചേരാവുന്നതാണ്.