2016, ജൂൺ 29, ബുധനാഴ്‌ച

പിൽഗ്രിംസ് പ്രോഗ്രസിന്റെ മലയാള പരിഭാഷകൾ ?

  1. സഞ്ചാരിയുടെ പ്രയാണം (1847) - വിവ: റവ. സി. മുള്ളർ / റവ. പി. ചന്ദ്രൻ.
  2. പരദേശി മോക്ഷയാത്ര (1847) - വിവ: ആർച്ച് ഡീക്കൻ കോശി / റവ. ജോസഫ് പീറ്റ്.
  3. തീർത്ഥാടകന്റെ വഴി
ജോൺ ബന്യൻ (1628-1688) ഇംഗ്ലീഷിൽ എഴുതിയ ആദ്ധ്യാത്മിക അന്യാപദേശകഥ (allegory)യാണ് പിൽഗ്രിംസ് പ്രോഗ്രസ് (The Pilgrim's Progress; പരദേശി മോക്ഷയാത്ര;തീർത്ഥാടകന്റെ വഴി). ക്രൈസ്തവജീവിതത്തോടുള്ള പ്യൂരിറ്റ്ൻ കാൽ‌വിനിസ്റ്റ് വീക്ഷണത്തെ, ഗ്രാമ്യ ഭാഷയുടെ ശക്തിയിലും മധുരിമയിലും അവതരിപ്പിക്കുന്ന ഈ കൃതി ആത്മീയസാഹിത്യത്തിലെയെന്നല്ല എല്ലാത്തരം സാഹിത്യത്തിലേയും എണ്ണപ്പെട്ട രചനകളിലൊന്നായി കണക്കാക്കപ്പെടുന്നു.രണ്ടുഭാഗങ്ങളുള്ള കൃതിയുടെ ആദ്യഭാഗം 'ക്രിസ്ത്യാനി' യുടെ തീർഥാടനകഥയാണ്. രണ്ടാംഭാഗം ആ യാത്രയിൽ അയാളുടെ വഴി പിന്നീട് പിന്തുടർന്ന ഭാര്യ 'ക്രിസ്റ്റിയാന'യുടേയും മക്കളുടേയും കഥയും. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ‍ജീവിച്ചിരുന്ന സുവിശേഷപ്രചാരകനും എഴുത്തുകാരനുമായിരുന്നു ജോൺ ബന്യൻ. പ്രൊട്ടസ്റ്റന്റ് സഭകളിലെ തീക്ഷ്ണതയേറിയ കാൽ‌വിനിസ്റ്റ് വിഭാഗത്തിന്റെ വിശ്വാസപ്രമാണങ്ങളിൽ അടിയുറച്ച് വിശ്വസിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്ത ഇദ്ദേഹം പ്രധാനമായും സ്മരിക്കപ്പെടുന്നത്‍ പിൽഗ്രിംസ് പ്രൊഗ്രസ് അഥവാ തീർഥാടകന്റെ വഴി എന്ന ഗ്രന്ഥത്തിന്റെ കർത്താവ് എന്ന നിലയിലാണ്. പാപികളിൽ പ്രധാനിക്ക് അളവില്ലാത്ത കൃപ, ശ്രീമാൻ ദുഷ്ടന്റെ ജീവിതവും മരണവും, വിശുദ്ധയുദ്ധം എന്നിവയാണ് ബന്യന്റെ മറ്റു പ്രധാന കൃതികൾ.പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു ഇംഗ്ലീഷ് കുടുംബത്തിൽ ഒരു പുസ്തകം മാത്രമാണുണ്ടായിരുന്നതെങ്കിൽ അത് ബൈബിൾ ആകുമായിരുന്നു. എന്നാൽ രണ്ടു പുസ്തകങ്ങൾ ഉണ്ടായിരുന്നപ്പോൾ രണ്ടാമത്തേത് ഷേക്സ്പിയറുടെ നാടകങ്ങളിലൊന്നല്ല, തീർത്ഥാടകന്റെ വഴി ആയിരുന്നു എന്നു പറയാറുണ്ട്.ഇംഗ്ലീഷ് ഭാഷയിലെ മുന്തിയരചനകളിലൊന്നായി ഈ കൃതിയെ കണക്കാക്കുന്നുണ്ട്. അതേസമയം, പ്യൂരിറ്റൻ കാൽ‌വിനസത്തിന്റെ ലോകവീക്ഷണം എഴുതിയ കൃതിയുമാണ്. ഔപചാരിക വിദ്യാഭ്യാസം അക്ഷരാഭ്യാസം നേടുന്നതിൽ അവസാനിച്ച ആളാണ് രചയിതാവെന്ന് കൂടി ഓർക്കുമ്പോൾ തീർഥാടകന്റെ വഴി എന്ന കൃതിയുടെ ചരിത്രം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. പൊങ്ങച്ച മേള (Vanity Fair), മനസ്സിടിവിന്റെ ചളിക്കുണ്ട് (Slough of Despond), നിരാശാരാക്ഷസൻ (Giant Despair), സംശയക്കോട്ട (Doubting Castle), വശ്യസാനു (Delectable Mountains) പോലെയുള്ള പ്രയോഗങ്ങൾ ഇംഗ്ലീഷ് ഭാഷക്കു തീർഥാടകന്റെ വഴിയിൽ നിന്നു കിട്ടിയ സംഭാവനകളാണ്. അതിന്റെ ശൈലി വളരെയധികം എഴുത്തുകാരെ സ്വാധീനിച്ചിട്ടുണ്ട്. താൻ താലോലിക്കുന്ന ബാല്യകാലസ്മരണകളിലൊന്ന് പിതാവിനൊപ്പമിരുന്ന് തീർത്ഥാടകന്റെ വഴി വായിച്ചതാണെന്ന് ഇംഗ്ലീഷ് നാടകകൃത്ത് ബർണാഡ് ഷാ പറഞ്ഞിട്ടുണ്ട്. അഞ്ചാമത്തെ വയസ്സിൽ ആ പുസ്തകം പൂർണ്ണ താത്പര്യത്തോടെ വായിക്കുവാൻ ഷാക്ക് കഴിഞ്ഞിരുന്നത്രെ. എഴുത്തുകാരനെന്ന നിലയിൽ ഷാ ബന്യനെ ഷേക്സ്പിയറിനുപരി വിലമതിച്ചിരുന്നു എന്നും പറയപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ